Kavita 23 - നിൻ സ്പർശഹർഷം Poem by Unnikrishnan Sivasankara Menon

Kavita 23 - നിൻ സ്പർശഹർഷം

Rating: 5.0

നിൻ സ്പർശഹർഷം


ഈ ചെറു കോഫീഷോപ്പിലിരിക്കയാണു ഞാനെൻ
ഡയറി തുറക്കുന്നു; വെളിയിലിരമ്പുന്നൂ
മനസ്സിൽ വിരഹത്തീയെരിക്കും പെരുമഴ.
ഓർമ്മകളകം തിങ്ങീ കാഴ്ചകൾ മറയ്ക്കുന്നൂ.

ആർക്കായി പിറന്നൂവെൻ സുന്ദര കവിതകൾ,
ഇനിക്കുമിശലുകൾ, ഓർത്തുപോയ് ആ നിന്നെ ഞാൻ.

മധുരം ചെറുചിരിയുണർത്തീ പെട്ടെന്നെന്നെ.
'ഈ ചിരി പരിചിതം' തിരിഞ്ഞുനോക്കീ പിന്നിൽ.
നീ തന്നെ! ഡയറിയിൽ ആരെ ഞാൻ തെരഞ്ഞുവോ
അതേ നീ. മിടിക്കുന്നൂ ഹൃദയം തെരുതെരെ...

പ്രണയഭംഗത്തിനാൽ വ്രണിതം ശോകാകുലം
എന്കിലും നിന്നോടെന്റെ ഹൃദയം മന്ത്രിക്കയായ്:

'പണ്ടേപ്പോൽ തന്നെ നിന്റെ ഹസിതം മൃദുതരം
എനിക്കു പ്രിയം; എന്നാൽ ഇന്നു നീയില്ലെന്നൊപ്പം;
നിൻകൂടെയുണ്ട് നിന്റെ പുതിയ പെൺസുഹൃത്ത്
അവളെ പ്രേമപൂർവ്വം ചുറ്റുന്നൂ നിന്റെ കൈകൾ.

നീയെനിയ്ക്കന്നേകിയോരൂഷ്മളപ്രണയത്തിൻ
നിർവൃതിയിലാണവൾ എന്നു ഞാൻ നിനയ്ക്കട്ടെ.
ഇല്ലില്ലെൻ സന്കൽപ്പത്തിൽ ഞാനാണ് നിന്റെ കര-
വലയം ഭരിക്കുമീ സുന്ദരി നവാംഗന.

ഓർക്കുന്നിണ്ടിന്നും ഞാനാ വർഷിലസന്ധ്യാനേരം
പ്രണയസുരഭിലക്ലാന്തമാമന്തരീക്ഷം
ഓർത്തതേയുള്ളൂ, നീയെന്നരികിൽ വന്നിരുന്നാൻ
നിൻ സ്നേഹസ്പർശത്താൽ എൻ ഹൃദ്സ്പന്ദം ഏറ്റീടിനാൻ.
ഉദധിത്തിരകൾക്കാ മിടിപ്പിൻ വേഗമാകാ,
വർഷാരവങ്ങൾക്കെൻ നിശ്വാസസ്വനമൊക്കാ.

ഓർമ്മകൾഹൃദയത്തെ ഹർഷത്താൽ ഉന്മാദിത-
മാക്കുമാ നിമിഷങ്ങൾ, നിൻ കരസ്പർശം, എൻ കൈ
ചേർത്തു നിൻ കയ്യി, ലഥ ജീവിക്കാൻ പുതിയൊരു
കാരണമുണ്ടായ പോൽ.
.....................നിൻ നെഞ്ചിൽ ചെവിചേർത്ത്
സ്നേഹിതാ, നിൻ ഹൃദയ സ്പന്ദനം ശ്രവിക്കണം,
നിൻമിഴിയാഴങ്ങളിൽ മുങ്ങണം, നിൻ മനസ്സിൽ-
ത്തന്നെ ഞാനിരിക്കണം; സ്വപ്നങ്ങൾ ജ്വലിക്കണം.

ഓർമ്മയിൽ മുഴുകി ഞാൻ പാനീയശാലയ്ക്കകം
സ്വപ്നിലമിരിക്കുമ്പോൾ വെയിറ്റർ ചോദിക്കുന്നൂ,
'ഇനിയുമെന്തെന്കിലും വേണമോ? ' ഉണർന്നു ഞാൻ
ബിൽ കൊടുത്തിറങ്ങുമ്പോൾ നിന്നെ ഞാൻ കണ്ടൂ വീണ്ടും.
ചിന്തിക്കയായ് ഹൃദയം, നിന്നോടെന്താണെനിയ്ക്ക്?
വെറുമൊരാകർഷണം മാത്രമോ? അല്ലേയല്ല!

അന്നാളെൻ ഗാഢപ്രേമം നിന്നെയറിയിക്കുവാൻ
ആയില്ല, ലജ്ജയാലെൻ വാക്കുകൾ ഒളിച്ചുപോയ്.
നിൻ സ്പർശമന്നേകിയ ഹർഷത്തിന്നോർമ്മകളിൽ
വീണ്ടുമാ സാമീപ്യം ഞാൻ കൊതിച്ചു പോകുന്നുവോ!

പദങ്ങൾ നയിക്കുന്നൂ എന്നെ നിൻ നേരേ, യെന്നാൽ
മനസ്സ് വിലക്കുന്നു, കഴിഞ്ഞോരദ്ധ്യായങ്ങൾ
തുറക്കാനരുതെന്ന് സുദൃഢം തടുക്കുന്നു.
പദങ്ങൾ നിലയ്ക്കുന്നു, കണ്ണുകൾ നിറയുന്നു.


മനസ്സിൽ നിനക്കായിക്കുറിച്ച പുതുകാവ്യം
അവിടെയുപേക്ഷിച്ച് നടന്നു മുന്നോട്ട് ഞാൻ.

This is a translation of the poem The Memory Of Your Touch.... by KAVITA SINGH
Sunday, August 19, 2018
Topic(s) of this poem: love,story
POET'S NOTES ABOUT THE POEM
In this translation of Kavita's poem, I have taken a little liberty at the end of the poem.Kavita has approved the change.This poem is set to Malayalam Meter, Keka. In Vrithamanjari, Sri A R Rajaraja Varma has defined Keka as follows: കേക വൃത്തംമൂന്നും രണ്ടും രണ്ടും മൂന്നും രണ്ടും രണ്ടെന്നെഴുത്തുകൾപതിന്നാലിന്നാറു ഗണംപാദം രണ്ടിലുമൊന്നുപോൽ.ഗുരു ഒന്നെന്കിലും വേണംമാറാതോരോ ഗണത്തിലുംനടുക്കു യതി, പാദാദി-പ്പൊരുത്തമിതു കേകയാം.
COMMENTS OF THE POEM
Sekharan Pookkat 20 October 2018

Nadannu neenhidave thirinhu nookinhanum athuneethanneyennurapu varutheeduvann kanklil thingum sokam marakyan petta paadu Nhane arinjullu engilum nadannu njhan - nannyittundu paribhasha

2 0 Reply
Unnikrishnan E S 20 October 2018

Thank you. Obliged.

0 0
Unnikrishnan Sivasankara Menon

Unnikrishnan Sivasankara Menon

PUTHENCHIRA, KERALA, INDIA
Close
Error Success